Tuesday, May 22, 2007

എഴുതിയതാരാണീ കവിത?

എഴുതിയതാരാണീ കവിത?
ഈ വെളുത്തമിനുസമാര്‍ന്ന താളുകളില്‍
‍സ്നേഹത്തിന്റെ നനുത്ത മൊമ്പൊടി ചേര്‍ത്ത്‌
അല്ല.
വെയില്‍ മറയുന്ന സായാഹ്നങ്ങളില്‍
ഇളം തെന്നലിന്റെ തലോടല്‍ ഏറ്റ്‌
സ്വപ്നങ്ങള്‍ക്ക്‌ മനം കൊടുക്കാതെ
സ്വര്‍ഗീയാനുഭൂതിയില്‍
നര്‍മ്മങ്ങള്‍ ചാലിച്ച്‌
എഴുതിയതാരാണീ കവിത?
ഉറങ്ങാത്തരാത്രികളില്‍ മൂകമായിരുന്ന്
മഴത്തുള്ളികളുടെകിലുക്കങ്ങള്‍ കേട്ട്‌
എഴുതിയതാരാണീ കവിത?

മഞ്ഞുപെയ്യുന്ന രാത്രികളില്‍
മരച്ചില്ലകള്‍ക്കിടയിലൂടെ
അരിച്ച്‌വീഴുന്ന നിലാവെളിച്ചത്ത്‌
ഓര്‍മ്മകളുടെ വര്‍ണ്ണങ്ങള്‍ ചാലിച്ച്‌
എഴുതിയതാരാണീ കവിത?
അറിയില്ല.

ഇന്നലെ പെയ്തൊഴിഞ്ഞ മഴയില്‍
രാവും പകലുമൊലിച്ച്‌ പോയി.
എന്നിട്ടുമെന്റെ ഓര്‍മ്മകളുടെ
മൂന്നാം യാമത്തിലുമെന്തേ
ഈ മാനംകാണാ മയില്‍പ്പീലിക്കും
വളപ്പൊട്ടിനുമിത്ര തിളക്കം?

അതും അറിയില്ല.
എങ്കിലും!
വെറുതേ,എഴുതിയതാരാണീ കവിത ?

4 comments:

സീയെം said...

എഴുതിയതാരാണീ കവിത?


എന്റെ ഒരു പുതിയ പോസ്റ്റ്‌.

നന്ദു said...

നല്ല കവിത :) തുടര്‍ന്നും എഴുതൂ

അപ്പൂസ് said...

ഇഷ്ടമായിത്

സീയെം said...

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദുവിനും അപ്പൂസിനും നന്ദി.